Grapholita molesta
പ്രാണി
ആതിഥേയ വിളകളുടെ ചില്ലകളെയും ഫലങ്ങളെയും ആക്രമിക്കുന്ന ലാർവകളാണ് കേടുപാടുകൾക്ക് കാരണം. ഇളം ലാർവകൾ വളർന്നുകൊണ്ടിരിക്കുന്ന ചിനപ്പുകളിൽ ദ്വാരങ്ങൾ തുരന്ന്, താഴേക്ക് നീങ്ങുകയും ആന്തരിക കലകളിൽ ആഹരിക്കുകയും ചെയ്യുന്നു. ബാധിക്കപ്പെട്ട ചില്ലകളിൽ വാടിപ്പോയ ഇലകൾ കാണപ്പെടും, ഇത് കൊമ്പുണക്കത്തിന്‍റെ അടയാളമാണ്. വാട്ടം ബാധിച്ച ഇലകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ലാർവകൾ കൂടുതൽ താഴേക്ക് തുളച്ചുകയറുന്നു. ക്രമേണ, ചില്ലകൾ കടും നിറമാകും, അല്ലെങ്കിൽ ഉണങ്ങിയ ഇലകളോടും സ്രവത്തോടുമൊപ്പം കാണപ്പെടും. പിന്നീടുള്ള തലമുറയിലെ കീടങ്ങൾ തണ്ടിലൂടെ ഫലങ്ങളിൽ പ്രവേശിക്കുകയും ഫലങ്ങളുടെ കാമ്പിൽ ക്രമരഹിതമായ ദ്വാരങ്ങൾ തുരക്കുകയും ചെയ്യുന്നു, പ്രത്യേകിച്ചും വിത്തുകളുടെ അടുത്ത്. ഫലങ്ങളിൽ നിർഗമന ദ്വാരങ്ങൾ കാണാം, അവയ്ക്ക് ചുറ്റും പശിമയുള്ള സ്രവങ്ങളും ലാർവകളുടെ വിസർജ്ജ്യങ്ങളും ദൃശ്യമാകും. അവസരം കാത്തിരിക്കുന്ന രോഗകാരികൾ ഈ മുറിവുകളിൽ പെരുകിയേക്കാം. ഗുരുതരമായി ബാധിക്കപ്പെട്ടാൽ ഫലങ്ങൾ വികലമാവുകയും പൊഴിയുകയും ചെയ്യും. സാധാരണയായി, ലാർവകൾ ഒരു ഫലത്തിൽ മാത്രം ആഹരിക്കുന്നു, മാത്രമല്ല അവ ഫലങ്ങളില്‍ നിന്ന് ചില്ലകളിലേക്ക് പോകില്ല.
ട്രൈക്കോഗ്രാമ്മ ജനുസ്സിലെ നിരവധി പരാദ കടന്നലുകളും, മാക്രോസെൻട്രസ് ആൻസിലിവൊറസ് എന്ന ബ്രാക്കോണിഡ് കടന്നലും ഓറിയന്റൽ ഫ്രൂട്ട് മോത്തുകൾക്കെതിരെ ഉപയോഗിച്ചിട്ടുണ്ട്. കുമിൾ, ബാക്ടീരിയ മുതലായ രോഗകാരികളുടെ ഒരു നിര, ഉദാഹരണത്തിന് ബ്യൂവേറിയ ബാസിയാന, ബാസില്ലസ് തുരിഞ്ചിയൻസിസ് എന്നിവയും ഫലപ്രദമാണ്. മുട്ടയുടെയോ ലാർവകളുടെയോ വിവിധ ഘട്ടങ്ങളിലെ മറ്റ് പരാന്നഭോജികളെക്കുറിച്ച് അറിയാമെങ്കിലും അവ പരീക്ഷണാത്മകമായി പരീക്ഷിച്ചിട്ടില്ല.
ലഭ്യമെങ്കിൽ, ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർത്തുള്ള സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. പ്രയോഗ സമയം പ്രധാനമാണ്, മാത്രമല്ല ഇത് താപനിലയും ശലഭങ്ങളുടെ എണ്ണവും നിരീക്ഷിച്ച് നിർണ്ണയിക്കണം. പുതുതായി വിരിഞ്ഞ ലാർവകളെ ലക്ഷ്യം വച്ച് രാസനിയന്ത്രണം നടത്താം, പക്ഷേ ജി. മോളസറ്റയ്ക്ക് പറക്കാൻ കഴിവുള്ളപ്പോൾ തളിപ്രയോഗങ്ങൾ നടത്തുന്നത് കൂടുതൽ ഫലപ്രദമാണ്. ഇണചേരൽ തടസ്സപ്പെടുത്തുന്നതിന് സ്പ്രേ ചെയ്യാവുന്ന ഫെറമോണുകൾ ഉപയോഗിക്കാം.
ഓറിയന്റൽ ഫ്രൂട്ട് മോത്തിന്‍റെ പ്രാഥമിക ആതിഥേയ വിളകൾ പീച്ച്, നെക്ടറൈൻ എന്നിവയാണ്, പക്ഷേ ഇത് മറ്റ് കട്ടിക്കുറവുള്ള കായകളെയും, ക്വിൻസ്, ആപ്പിൾ, പിയർ, റോസ് എന്നിവയെയും ആക്രമിക്കും. ശലഭങ്ങൾ കല്‍ക്കരി നിറമുള്ളതാണ്, അവയുടെ ചിറകറ്റങ്ങൾ തമ്മിൽ ഏകദേശം 5 മില്ലീമീറ്റർ നീളമുണ്ട്. മുൻചിറകുകൾക്ക് ചാരനിറമാണ്, മാത്രമല്ല അവയിൽ അവ്യക്തമായ ഇരുണ്ടതും തെളിച്ചമുള്ളതുമായ വരകളും ഉണ്ട്. വസന്തകാലത്ത് ആവിർഭവിച്ചതിനുശേഷം, ഏകദേശം 200 ഓളം ചെറുതും പരന്നതും വെളുത്തതുമായ മുട്ടകൾ ഇലകളുടെയോ ചില്ലകളുടെയോ അടിവശം ഒറ്റയൊറ്റയായി നിക്ഷേപിക്കുന്നു. ഇളം ലാർവകൾക്ക് പിന്നീട് പിങ്ക് നിറമായി മാറുന്ന, വെളുത്ത- ക്രീം നിറവും, ഏകദേശം 8 മുതൽ 13 മില്ലീമീറ്റർ വരെ നീളവും, കറുപ്പ് മുതൽ തവിട്ട് നിറമുള്ള തലയുമുണ്ട്. ലാർവകളുടെ ആദ്യ തലമുറ വളർന്നുവരുന്ന ചിനപ്പിലുള്ള ഒരു ഇലയുടെ അടിഭാഗത്ത് ദ്വാരങ്ങൾ തുരക്കുന്നു. അവിടെ നിന്ന്, അവ അകത്തെ ഇളം കലകൾ ആഹരിച്ച് താഴേക്ക് നീങ്ങുന്നു, ഇത് ഒടുവിൽ ചില്ലകൾ വാടിപ്പോകുന്നതിന് കാരണമാകുന്നു. തുടർന്നുള്ള തലമുറ കീടങ്ങൾ ഫലങ്ങളെ ആക്രമിക്കുന്നു, തണ്ടിന്‍റെ ചുവട്ടിലൂടെയോ വശങ്ങളിലൂടെയോ ഉള്ളിൽ പ്രവേശിക്കുന്നു. അവ പിന്നീട് മരത്തിന്‍റെ ചുവട്ടിലുള്ള കരിയിലക്കൂട്ടം, പുറംതൊലിയിലെ വിടവുകൾ പോലെയുള്ള സംരക്ഷിത സ്ഥലങ്ങളിൽ പട്ടുനൂൽ കൊക്കൂണുകളിൽ പൂർണ്ണമായും വളർന്ന ലാർവയായി മാറുന്നു.