മറ്റുള്ളവ

കാബേജ് ശലഭം

Mamestra brassicae

പ്രാണി

ചുരുക്കത്തിൽ

  • ഇലകളിൽ സിരകൾ മാത്രം അവശേഷിക്കുന്നു.
  • ആഗമന ദ്വാരങ്ങളിലും തുരങ്കങ്ങൾക്ക് നീളെയും വിസ്സർജ്യങ്ങൾ.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

10 വിളകൾ
ബീൻ
കാബേജ്
വെളുത്തുള്ളി
ലെറ്റ്യൂസ്
കൂടുതൽ

മറ്റുള്ളവ

ലക്ഷണങ്ങൾ

കാബേജ് ശലഭത്തിൻ്റെ പുഴുക്കൾ, ഇലകൾ ഭക്ഷിക്കാൻ തുടങ്ങുകയും കാബേജിൻ്റെ ഹെഡിൽ ദ്വാരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. അവ പത്രഭാഗങ്ങളിൽ ചവയ്ക്കുകയും, കട്ടിയുള്ള സിരകൾ ഒഴിവാക്കുകയും ചെയ്യുന്നതിനാൽ പലപ്പോഴും ഇലകളിൽ സിരകൾ മാത്രം അവശേഷിക്കുന്നു. ആദ്യ തലമുറയിലുള്ളവയ്ക്ക് (വസന്തകാലം തൊട്ട് വേനൽക്കാലത്തിന്‍റെ തുടക്കം വരെ) വിപരീതമായി, കൂടുതൽ കരുത്തുറ്റ രണ്ടാം തലമുറ (വേനൽക്കാലം മുതൽ ഒക്ടോബർ വരെ), കട്ടിയുള്ള കലകൾ ചവച്ചരയ്‌ക്കുകയും, ഇലകൾ ഭക്ഷിക്കുക മാത്രമല്ല കാബേജിൻ്റെ ഹെഡിൻ്റെ ആന്തരിക ഭാഗങ്ങളിലേക്ക് ദ്വാരം ഉണ്ടാക്കുകയും ചെയ്യുന്നു. പ്രവേശന ദ്വാരങ്ങളിലും, ദ്വാരത്തിലുടനീളവും കീടങ്ങളുടെ വിസർജ്ജ്യങ്ങളുടെ അടയാളങ്ങൾ കാണാവുന്നതാണ്. ഇത് കാബേജ് ശലഭത്തിൻ്റെ പുഴുക്കൾ വിളകൾക്ക് പ്രത്യേകിച്ച് ദോഷം ചെയ്യുന്ന ഒന്നാക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ശലഭത്തിൻ്റെ മുട്ടകൾ നശിപ്പിക്കുന്നതിനായി ട്രൈക്കോഗ്രാമ്മ ഇനത്തിൽപ്പെട്ട പരാന്നഭോജി കടന്നലുകളെ ഉപയോഗിക്കാവുന്നതാണ്. ചില ഇരപിടിയൻ വണ്ടുകൾ, യെല്ലോ ജാക്കറ്റ് എന്ന് അറിയപ്പെടുന്ന ഒരിനം കടന്നൽ, പച്ച റേന്തപത്രകീടം, ചിലന്തികൾ, പക്ഷികൾ എന്നിവ അടങ്ങുന്ന വ്യത്യസ്തമായ ഒരു കൂട്ടം ഇരപിടിക്കുന്ന ജീവികൾ ലാർവകളെ ഭക്ഷിക്കുന്നു. സ്വാഭാവികമായി ഉണ്ടാകുന്ന ബാസിലസ് തുറിഞ്ചിയൻസിസ് എന്ന ബാക്റ്റീരിയ അടിസ്ഥാനമാക്കിയുള്ള ഉത്പന്നങ്ങളും കൂടാതെ ചില വൈറൽ തയ്യാറിപ്പുകളും പുഴുക്കളെ കൊല്ലുന്നു, മാത്രമല്ല ഇവ ഇലകളുടെ ഇരുപുറത്തും സമഗ്രമായി തളിക്കുന്നത് വളരെ ഫലപ്രദവുമാണ്. ഈ കീടനാശിനികൾ പരിസ്ഥിതിയിൽ നിലനിൽക്കുന്നില്ല. രോഗകാരി നെമറ്റോഡുകളും പുഴുക്കൾക്ക് എതിരെ പ്രവർത്തിച്ചേക്കാം, കൂടാതെ ഇവ ഇലകൾ നനഞ്ഞിരിക്കുമ്പോൾ ആണ് ഉപയോഗിക്കേണ്ടത്, ഉദാഹരണത്തിന് തണുപ്പും മൂടിക്കെട്ടിയതുമായ കാലാവസ്ഥയിൽ.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. പൈറെത്രം, ലാംഡ-സൈഹാലോത്രിൻ അല്ലെങ്കിൽ ഡെൽറ്റാമെത്രിൻ എന്നിങ്ങനെയുള്ള സജീവ ചേരുവകൾ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങൾ ഈ ശലഭങ്ങളുടെ പുഴുക്കൾക്കെതിരെ ഉപയോഗിക്കാവുന്നതാണ്. പൈറെത്രം സത്തുകൾ വിളവെടുക്കുന്നതിന് ഒരു ദിവസം മുമ്പ് വരെ ധാരാളം തവണ ഉപയോഗിക്കാവുന്നതാണ്. ലാംഡ-സൈഹോലോത്ത്രിൻ, ഡെൽറ്റാമെത്രിൻ എന്നിവയുടെ പരമാവധി 2 പ്രയോഗങ്ങൾ ശുപാർശ ചെയ്യുന്നു, മാത്രമല്ല വിളവെടുപ്പിന് ഏഴ് ദിവസത്തെ ഇടവേള നൽകണം.

അതിന് എന്താണ് കാരണം

കാബേജ് ശലഭത്തിൻ്റെ (മാമെസ്‌ട്രാ ബ്രാസിക്കെ) പുഴുക്കളാണ് പ്രധാനമായും ലക്ഷണങ്ങൾക്ക് കാരണം. പൂർണ്ണ വളർച്ച എത്തിയ ലാർവകൾ മണ്ണിൽ പ്യൂപ്പ ഘട്ടത്തിൽ ശൈത്യകാലം അതിജീവിക്കുന്നു. മുതിർന്ന ശലഭങ്ങൾക്ക് തവിട്ടുനിറത്തിലുള്ള മുൻ ചിറകുകൾ ഉണ്ട്, അവയിൽ കുറുകെ തെളിഞ്ഞ ഭാഗങ്ങൾ ഇടവിട്ട് വരുന്നവിധം കറുപ്പുകലർന്ന-തവിട്ടുനിറത്തിലുള്ള ഉയര്‍ച്ചതാഴ്‌ചകളും കാണപ്പെടുന്നു. പിൻചിറകുകൾക്ക് ഇളം ചാരനിറമാണ്. പുറത്തുവന്ന് കുറച്ച് ആഴ്ചകൾക്ക് ശേഷം പെൺവർഗ്ഗം വെളുത്ത ഗോളാകൃതിയിലുള്ള മുട്ടകൾ കൂട്ടങ്ങളായി ഇലകളുടെ ഇരുപ്രതലത്തിലും നിക്ഷേപിക്കുന്നു. മുട്ടകൾ വിരിഞ്ഞതിന് ശേഷം, പുഴുക്കൾ ഇലകളിലെ കലകൾ ഭക്ഷിക്കാൻ തുടങ്ങുന്നു, ഇത് ഇലകളിലും ക്രമേണ കാബേജിൻ്റെ ഹെഡിലും ദ്വാരങ്ങൾ ഉണ്ടാക്കുന്നു. അവ മഞ്ഞകലർന്ന പച്ചനിറമോ അല്ലെങ്കിൽ തവിട്ടുകലർന്ന പച്ചനിറമോ ആയിരിക്കും, അവയുടെ ശരീരത്തിൽ വ്യക്തമായ രോമങ്ങൾ ഒന്നുമുണ്ടാകില്ല. കാബേജ് ശലഭം പ്രതിവർഷം രണ്ടു തലമുറകൾ സൃഷ്ടിക്കുന്നു. വസന്തകാലത്ത് വൈകി, ശലഭത്തിൻ്റെ ആദ്യ തലമുറ മണ്ണിൽ നിന്നും വിരിയുകയും, ബാധിക്കപ്പെട്ട ചെടികളിൽ പുഴുക്കളേയും കാണാവുന്നതുമാണ്. വേനൽകാലത്ത് വൈകി, രണ്ടാം തലമുറ പ്രത്യക്ഷപ്പെടുന്നു.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ കൂടുതൽ പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • രോഗലക്ഷണങ്ങൾക്കായി കൃഷിയിടം പതിവായി നിരീക്ഷിക്കുക.
  • കണ്ണിൽപ്പെട്ടാൽ ശലഭത്തിൻ്റെ വെളുത്ത ഗോളാകൃതിയിലുള്ള മുട്ടകളും, പുഴുക്കളും എടുത്ത് കളയുക.
  • പെൺകീടങ്ങളെ മുട്ടകൾ നിക്ഷേപിക്കുന്നതിൽ നിന്നും തടയുന്നതിനായി, താങ്കളുടെ ബ്രാസ്സിക്ക വിള കൃഷി ചെയ്യുന്ന സ്ഥലം ഇഴയടുപ്പം കുറഞ്ഞ വല ഉപയോഗിച്ച് സംരക്ഷിക്കുക.
  • വിളയുടെ ഹെഡ് രൂപപ്പെടുന്ന ആരംഭ ഘട്ടത്തിൽ കീടങ്ങളുടെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് ഒഴിവാക്കാൻ നേരത്തെ നടുക.
  • കീടങ്ങൾക്ക് ആതിഥേയമേകാത്ത വിളകൾ ഉപയോഗിച്ച് ഇടവിള കൃഷി ചെയ്യുക.
  • കീടനാശിനികളുടെ നിയന്ത്രിത ഉപയോഗത്തിലൂടെ പ്രകൃത്യാലുള്ള ശത്രുക്കളുടെ എണ്ണം വർദ്ധിപ്പിക്കുക.
  • ശലഭങ്ങളെ ആകർഷിക്കുവാനും കൂട്ടത്തോടെ പിടിക്കുവാനും ഫെറോമോൺ കെണികൾ ഉപയോഗിക്കുക.
  • കാബേജ് കൃഷിയിടങ്ങൾക്ക് സമീപം രോഗബാധ സംശയിക്കപ്പെടുന്ന ചെടികൾ നടുന്നത് ഒഴിവാക്കുക.
  • ഇതര ആതിഥേയ ചെടികളായി വർത്തിക്കുന്നതിനാൽ കളകള്‍ നീക്കംചെയ്യുക.
  • ഇരപിടിയന്മാർക്കും, തണുത്ത താപനിലയ്ക്കും പ്യൂപ്പകളെ വിധേയമാക്കുന്നതിന് വിളവെടുപ്പിനുശേഷം കൃഷിയിടം ഉഴുതുമറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക