തക്കാളി

തക്കാളിയിലെ ബാക്ടീരിയ മൂലമുള്ള പുള്ളികളും പാടുകളും

Xanthomonas spp. & Pseudomonas syringae pv. tomato

ബാക്ടീരിയ

ചുരുക്കത്തിൽ

  • ചെറിയ, മഞ്ഞ കലർന്ന പച്ച നിറമുള്ള ക്ഷതങ്ങൾ തളിരിലകളില്‍ കാണപ്പെടുന്നു.
  • ഇലകൾ വൈരൂപ്യമുള്ളതും വളഞ്ഞുതിരിഞ്ഞതും ആയിരിക്കും.
  • മഞ്ഞ നിറമുള്ള വലയത്തോടുകൂടിയ ഇരുണ്ട, വെള്ളത്തിൽ കുതിർന്ന ക്ഷതങ്ങൾ മുതിർന്ന ഇലകളിലും ഫലങ്ങളിലും കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

തക്കാളി

ലക്ഷണങ്ങൾ

ഈ ബാക്റ്റീരിയകൾ തക്കാളിച്ചെടിയുടെ ഇലകളും, തണ്ടുകളും, ഫലങ്ങളും ആക്രമിക്കും. സാധാരണയായി വികൃതമായും ചുരുണ്ടും കാണപ്പെടുന്ന ഇളം ഇലകളില്‍ കാണപ്പെടുന്ന ചെറിയ, മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള ക്ഷതങ്ങളാണ് ബാക്ടീരിയ മൂലമുള്ള പുള്ളികളുടെ ആദ്യലക്ഷണങ്ങൾ. ബാക്ടീരിയ മൂലമുള്ള പാടുകള്‍ മൂലം ഇടുങ്ങിയ മഞ്ഞ വലയങ്ങളോട് കൂടിയ കറുത്ത പൊട്ടുകളാണ് കാണപ്പെടുന്നത്. അവ സാധാരണ ഇലയുടെ അരികുകളിലും അഗ്രഭാഗത്തും എണ്ണത്തില്‍ കൂടുതലും വികൃതവും ചുരുണ്ടവയും ആയിരിക്കും. ഗുരുതരമാകുന്ന സാഹചര്യത്തില്‍ ബാക്ടീരിയ മൂലമുള്ള പാടുകള്‍ ഒരുമിച്ചു ചേരുകയോ അതിയായി വ്യാപിക്കുകയോ ചെയ്തേക്കാം, തത്ഫലമായി വലുതും ക്രമരഹിതവുമായ വടുക്കള്‍ ഉണ്ടാകാം. ബാക്ടീരിയ മൂലമുള്ള പുള്ളികള്‍ 0.25 മുതൽ 0.5 സെന്റിമീറ്റർ വരെ വീതിയിൽ ദ്രുതഗതിയില്‍ വളർന്ന് തവിട്ട് മുതൽ തവിട്ടു കലര്‍ന്ന ചുവപ്പ് വരെ നിറങ്ങളിലേക്ക് മാറുകയും ചെയ്യുന്നു, ക്രമേണ ഇവയുടെ മധ്യഭാഗം ഉണങ്ങി അടര്‍ന്നുപോകവേ , വെടിയുണ്ടയേറ്റത് പോലെ കാണപ്പെടും. ബാക്ടീരിയ മൂലമുള്ള പുള്ളികള്‍ കായകളിലും ഇലകളിലെ പോലെയുള്ള വടുക്കള്‍ ഉത്പാദിപ്പിക്കും, ക്രമേണ പരുപരുത്ത്, തവിട്ടു നിറവും ശല്ക്കം പോലെയുമായി മാറും. അതേ സമയം ബാക്ടീരിയ മൂലമുള്ള പാടുകളില്‍ ചെറിയ, ചെറുതായി ഉയര്‍ന്ന കറുത്ത വടുക്കളാണ് ഉണ്ടാകുന്നത്. പ്രത്യേകിച്ചും പ്രാരംഭ ഘട്ടത്തില്‍ ഈ രണ്ടു രോഗങ്ങളും തമ്മില്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബാക്ടീരിയ മൂലമുള്ള പുള്ളികള്‍ പരിചരിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതും ചിലവേറിയതുമായിരിക്കും. കാർഷിക സീസണിൻ്റെ തുടക്കത്തിൽ തന്നെ രോഗബാധ ഉണ്ടായാൽ മുഴുവൻ വിളയും നശിപ്പിക്കുന്ന നടപടി പരിഗണിക്കുക. കോപ്പര്‍ അടങ്ങിയ ബാക്ടീരിയനാശിനികള്‍ ഫലങ്ങൾക്കും ഇലകൾക്കും ഒരു പ്രത്യേക സംരക്ഷണം ഈ രണ്ടു ബാക്ടീരിയകള്‍ക്കും എതിരെ നൽകുന്നു. ബാക്ടീരിയല്‍ പുള്ളികള്‍ക്ക് കാരണമായ ബാക്ടീരിയയെ പ്രത്യേകമായി നശിപ്പിക്കുന്ന ബാക്ടീരിയല്‍ വൈറസുകള്‍ (ബാക്ടീരിയോഫെജസ്) ലഭ്യമാണ്. വിത്തുകള്‍ ഒരു മിനിറ്റ് നേരം 1.3 % സോഡിയം ഹൈപ്പോക്ലോറൈറ്റിലോ 25 മിനിറ്റ് ചൂട് വെള്ളത്തിലോ (50°C) മുക്കിവെക്കുന്നത് രോഗ ബാധ കുറയ്ക്കും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. കോപ്പര്‍ അടങ്ങിയ ബാക്ടീരിയനാശിനികളെ സംരക്ഷണത്തിനും, ഭാഗിക രോഗനിയന്ത്രണത്തിനും ഉപയോഗിക്കാന്‍ കഴിയും. ആദ്യ രോഗലക്ഷണങ്ങൾ ദൃശ്യമാകുമ്പോൾ തന്നെ പ്രയോഗിക്കുകയും പിന്നീട് ഊഷ്മളം(പുള്ളികള്‍)/തണുപ്പ് (പാടുകള്‍) സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ, 10 മുതല്‍ 14 വരെ ദിവസങ്ങളുടെ ഇടവേളകളില്‍ പ്രയോഗിക്കുക. രോഗാണുക്കൾ കോപ്പറിനെതിരെ തുടർച്ചയായി പ്രതിരോധം വികസിപ്പിക്കും എന്നതിനാൽ കോപ്പര്‍ അടിസ്ഥാന ബാക്ടീരിയനാശിനിയ്ക്കൊപ്പം മാന്‍കൊസേബ് ചേര്‍ന്ന മിശ്രിതവും ശുപാര്‍ശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

ബാക്ടീരിയ മൂലമുള്ള പുള്ളി ഉണ്ടാകുന്നത് സാന്തോമൊണാസ് ജനുസിലെ വിവിധ ഇനം രോഗാണുക്കള്‍ മൂലമാണ്. ഇത് ലോകമെമ്പാടും സംഭവിക്കുന്നതും, ഊഷ്മളവും ആർദ്രവുമായ പരിസ്ഥിതിയിൽ വളരുന്ന തക്കാളിച്ചെടിയിലെ ഏറ്റവും വിനാശകരമായ രോഗങ്ങളിൽ ഒന്നുമാണ്. ഈ രോഗാണുക്കൾക്ക് വിത്തിനുള്ളിലും, വിത്തിനുപുറമെയും, ചെടികളുടെ അവശിഷ്ടങ്ങളിലും, പ്രത്യേക കളകളിലും അതിജീവിക്കാന്‍ കഴിയും. ഇവയ്ക്ക് മണ്ണിൽ പരിമിതമായ കുറച്ച് ദിവസങ്ങൾ മുതൽ ആഴ്ചകൾ വരെ മാത്രമേ അതിജീവിക്കാന്‍ കഴിയൂ. സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അവ മഴയിലൂടെയോ, ചെടികൾക്ക് മുകളിലൂടെയുള്ള ജനസേചനം മൂലമോ ആരോഗ്യമുള്ള ചെടികളിലേക്ക് വ്യാപിക്കുന്നു. ഇത് ഇലകളിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെയോ മുറിവുകളിലൂടെയോ ചെടികളുടെ കോശങ്ങളിലേക്ക് പ്രവേശിക്കുന്നു. അനുകൂലമായ താപനില 25 മുതൽ 30°C വരെയാണ്. ഒരിക്കൽ ചെടിയിൽ രോഗം ബാധിച്ചാൽ പിന്നീട് രോഗം നിയന്ത്രിക്കാൻ വളരെ ബുദ്ധിമുട്ടാണ് മാത്രമല്ല അത് പൂര്‍ണ്ണ വിളവ് നഷ്ടത്തിനും കാരണമാകും.


പ്രതിരോധ നടപടികൾ

  • സാക്ഷ്യപ്പെടുത്തിയ സ്രോതസ്സുകളിൽ നിന്നുള്ള രോഗ-വിമുക്തമായ വിത്തുകൾ നടുക.
  • പ്രാദേശികമായി ലഭ്യമാണെങ്കിൽ, പ്രതിരോധശേഷിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • കൃഷിയിടം പതിവായി നിരീക്ഷിക്കുക, പ്രത്യേകിച്ചും മേഘാവൃതമായ കാലാവസ്ഥകളിൽ.
  • ഇലപ്പുള്ളികളോട് കൂടിയ ചെടി ഭാഗങ്ങളോ തൈച്ചെടികളോ നീക്കംചെയ്ത് കത്തിക്കുക.
  • കൃഷിയിടത്തിലും പരിസരത്തുമുള്ള കളകൾ നീക്കം ചെയ്യണം.
  • മണ്ണില്‍ നിന്നും ചെടികളിലേക്ക് അണുബാധയുണ്ടാകുന്നത് തടയാൻ പുതയിടുക.
  • ആയുധങ്ങളും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക.
  • ചെടികൾക്ക് മുകളിലൂടെയുള്ള ജലസേചനവും, ഇലകള്‍ നനഞ്ഞിരിക്കുമ്പോള്‍ കൃഷിപ്പണികളും ഒഴിവാക്കുക.
  • വിളവെടുപ്പിന് ശേഷം ചെടി അവശിഷ്ടങ്ങൾ ആഴത്തിൽ ഉഴുതുമറിക്കുക.
  • മറ്റൊരുവിധത്തിൽ, ചെടി അവശിഷ്ടങ്ങൾ നീക്കം ചെയ്‌ത്‌ മണ്ണ് കുറച്ച് ആഴ്ചകളോ അല്ലെങ്കിൽ മാസങ്ങളോ തരിശായിടുക (സൂര്യതാപീകരണം).
  • രോഗബാധ സംശയിക്കാത്ത വിളകൾ ഉപയോഗിച്ച് 2-3 വർഷങ്ങളിൽ വിളപരിക്രമം ആസൂത്രണം ചെയ്യുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക