ചോളം

ഫിയോസ്ഫേരിയ ഇലപ്പുള്ളി

Phaeosphaeria maydis

കുമിൾ

5 mins to read

ചുരുക്കത്തിൽ

  • ചെറിയ, മങ്ങിയ പച്ച മുതല്‍ മഞ്ഞ നിറം വരെയുള്ള ഹരിതനാശം സംഭവിച്ച പുള്ളികൾ ഇലപത്രത്തിൽ ചിതറി പ്രത്യക്ഷപ്പെടുന്നു.
  • ഈ പുള്ളികള്‍ വെളുത്ത്, ഉണങ്ങിയ കേന്ദ്രഭാഗങ്ങളോടും ഇരുണ്ട തവിട്ടുനിറത്തിൽ ക്രമരഹിതമായ അരികുകളോടും കൂടിയ വൃത്താകൃതിയിലോ അല്ലെങ്കിൽ ദീര്‍ഘചതുരാകൃതിയിലോ ഉള്ള ക്ഷതങ്ങളായി വികസിക്കുന്നു.
  • ഗുരുതരമായ സംഭവങ്ങളില്‍ ഇവ കൂടിച്ചേര്‍ന്നു ഇല പൂര്‍ണ്ണമായി വാടിയേക്കാം.
  • ഫിയോസ്ഫേരിയ ഇലപ്പുള്ളി പ്രാധാന്യം കുറഞ്ഞ ഒരു രോഗമായാണ് പൊതുവേ കണക്കാക്കുന്നത്.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ചോളം

ലക്ഷണങ്ങൾ

ഇല പത്രത്തിൽ വിതറി കാണപ്പെടുന്ന ചെറിയ, മങ്ങിയ പച്ച മുതല്‍ മഞ്ഞനിറം വരെയുള്ള ഹരിതനാശം സംഭവിച്ച പുള്ളികൾ പ്രത്യക്ഷപ്പെടുന്നതാണ് പ്രാരംഭ ലക്ഷണങ്ങള്‍. ഈ പുള്ളികള്‍ പിന്നീട് വലുതായി, ഉണങ്ങിയ കേന്ദ്രഭാഗങ്ങളോടും ഇരുണ്ട തവിട്ടുനിറത്തിൽ ക്രമരഹിതമായ അരികുകളോടും കൂടിയ വൃത്താകൃതിയിലോ അല്ലെങ്കിൽ ദീര്‍ഘചതുരാകൃതിയിലോ ഉള്ള ക്ഷതങ്ങളായി (3 മുതല്‍ 20 മില്ലിമീറ്റര്‍) വികസിക്കുന്നു. ഗുരുതരമായ സംഭവങ്ങളില്‍ ഇവ കൂടിച്ചേര്‍ന്നു ഇല പൂര്‍ണ്ണമായി വാടിയേക്കാം. ഇലയുടെ അടിവശത്ത് ക്ഷതങ്ങളിൽ വളരെ ചെറിയ കറുത്ത പുള്ളികള്‍ ദൃശ്യമാകും. ചെടി വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ ബാധിക്കപ്പെടുകയും മുകള്‍ ഭാഗത്തെ ഇലകള്‍ പൂവിടലിനു മുമ്പായി ഉണങ്ങുകയും ചെയ്‌താല്‍ അത് ഗുരതരമായ വിളവ് നഷ്ടത്തിലേക്ക് നയിച്ചേക്കാം.

Recommendations

ജൈവ നിയന്ത്രണം

ക്ഷമിക്കുക, ഫിയോസ്ഫേരിയ ഇലപ്പുള്ളിക്കെതിരായി ജൈവിക പരിചരണരീതികൾ ഞങ്ങള്‍ക്ക് അറിയില്ല. താങ്കള്‍ക്ക് ഈ രോഗത്തെ ചെറുക്കാന്‍ സഹായിക്കുന്ന എന്തെങ്കിലും അറിയുമെങ്കില്‍ ദയവായി ഞങ്ങളുമായി ബന്ധപ്പെടുക. താങ്കളില്‍ നിന്ന് കേള്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. മാന്‍കൊസേബ്, പൈറക്ലോസ്ട്രോബിന്‍ എന്നിവ പോലെയുള്ള കുമിള്‍നാശിനികള്‍ ഈ രോഗനിയന്ത്രണത്തിനായി ഇലകളില്‍ തളിക്കാം.

അതിന് എന്താണ് കാരണം

വിള അവശിഷ്ടങ്ങളില്‍ തണുപ്പുകാലം അതിജീവിക്കുന്ന ഫിയോസ്ഫേരിയ മേയ്ഡിസ് എന്ന കുമിളാണ് രോഗത്തിന് കാരണം. അനുകൂല സാഹചര്യങ്ങളില്‍, അവയുടെ ബീജങ്ങള്‍ കാറ്റിലൂടെയും മഴത്തുള്ളികൾ തെറിക്കുന്നതിലൂടെയും പുതിയ ചെടികളിലേക്ക് വ്യാപിക്കുന്നു. പുതിയ ഇലകളില്‍ അവയുടെ ബീജാങ്കുരണം നടക്കുകയും ദ്വിതീയ രോഗബാധയ്ക്ക് തുടക്കമിടുകയും ചെയ്യും. കനത്ത മഴയ്ക്കും ഉയര്‍ന്ന ആപേക്ഷിക ആര്‍ദ്രതയ്ക്കുമൊപ്പം (70%-ന് മുകളില്‍) താരതമ്യേന കുറഞ്ഞ രാത്രി താപനിലയും (ഏകദേശം 15°C) രോഗത്തിൻ്റെ വികസനത്തിന് അനുകൂലമാണ്. സമുദ്ര നിരപ്പില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഈ കാലാവസ്ഥകള്‍ വ്യാപകമായുണ്ട്. ഈ രോഗം ചെടിയുടെ ഉത്പാദനക്ഷമതയേയും വിളവിനേയും ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമേ ബാധിക്കൂ. പൊതുവേ, സീസണിൻ്റെ അവസാനം ഉണ്ടാകുന്ന പ്രാധാന്യം കുറഞ്ഞ ഒരു രോഗമായാണ് ഇതിനെ കണക്കാക്കുന്നത്.


പ്രതിരോധ നടപടികൾ

  • പ്രാദേശികമായി ലഭ്യമെങ്കില്‍, പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • രോഗവ്യാപനത്തിന് അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി നേരത്തെയോ അല്ലെങ്കിൽ വൈകിയോ നടുക.
  • വിളവെടുപ്പിനു ശേഷം ആഴത്തില്‍ ഉഴുതുമറിച്ച് വിള അവശിഷ്ടങ്ങള്‍ മണ്ണിനടിയിലാക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക