ഗോതമ്പ്

സെപ്റ്റൊറിയ ട്രൈറ്റിസി കുരുക്കൾ

Zymoseptoria tritici

കുമിൾ

ചുരുക്കത്തിൽ

  • പ്രാരംഭത്തില്‍ താഴ്ഭാഗത്തെ ഇലകളില്‍ ചെറിയ വിളറിയ പുള്ളികള്‍ പ്രത്യക്ഷപ്പെടുന്നു.
  • പുള്ളികള്‍ വളരവേ അവ വരകളുടെ രൂപത്തിലോ ദീര്‍ഘവൃത്താകൃതിയിലോ ഉള്ള ഇരുണ്ട തവിട്ടു കുരുക്കളായി മാറുന്നു.
  • ഈ ക്ഷതങ്ങൾക്കുള്ളിൽ ചെറിയ കറുത്ത പാടുകളുണ്ടാകുന്നു.
  • പിന്നീട് ക്ഷതങ്ങൾ തവിട്ടു നിറമായി വലുതായി ഇലയെ മുഴുവന്‍ ഗ്രസിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

ഗോതമ്പ്

ലക്ഷണങ്ങൾ

തൈച്ചെടികൾ മുളച്ച ഉടൻതന്നെ താഴ്ഭാഗത്തെ ഇലകളില്‍ പ്രത്യക്ഷപ്പെടുന്ന ചെറിയ വിളറിയ പുള്ളികളാണ് സെപ്റ്റൊറിയ ട്രൈറ്റിസി കുരുക്കളുടെ പ്രാരംഭ ലക്ഷണങ്ങള്‍. വളരവേ ഈ പുള്ളികള്‍ ഇളം തവിട്ടു നിറത്തില്‍ നിന്നു ഇലയുടെ പ്രതലം മുഴുവന്‍ നീളാന്‍ കഴിയുന്ന ദീര്‍ഘവൃത്താകൃതിയിലോ നാടകള്‍ പോലെയോ ഉള്ള ഇരുണ്ട തവിട്ടു കുരുക്കളാകുന്നു. കുറഞ്ഞ വ്യാപ്തിയില്‍ ഇവ തണ്ടുകളിലും കതിരുകളിലും പ്രത്യക്ഷപ്പെട്ടേക്കാം. ക്ഷതങ്ങൾക്കുള്ളിലുള്ള ചെറിയ കറുത്ത കുരുക്കള്‍ പോലെയുള്ള വസ്തുക്കള്‍ അവയ്ക്ക് സവിശേഷമായ പുള്ളി രൂപങ്ങള്‍ നല്‍കുന്നു. പിന്നീട്, മുഴുവന്‍ ഇലയും വലിയ തവിട്ടുനിറമുള്ള തുരുമ്പിച്ച വടുക്കള്‍ ഗ്രസിച്ചേക്കാം, ചില ഭാഗങ്ങളില്‍ മാത്രം മഞ്ഞ വലയത്തോടെ പച്ച കോശങ്ങള്‍ അവശേഷിക്കും. അവസാനം ഇലകള്‍ ഉണങ്ങി നശിക്കും. കറുത്ത കുരുക്കളുടെ അഭാവത്തില്‍ സമാനമായ പുള്ളി ലക്ഷണങ്ങള്‍ മറ്റു രോഗങ്ങള്‍ മൂലമുണ്ടായതോ, അലുമിനിയം വിഷലിപ്തത അല്ലെങ്കില്‍ സിങ്ക് അഭാവം എന്നിവ പോലെയുള്ള പോഷക ക്രമക്കേടുകള്‍ മൂലമുണ്ടായതോ ആയിരിക്കാം. ചെടി വളര്‍ച്ചയുടെ വൈകിയ ഘട്ടങ്ങളിലാണ് ലക്ഷണങ്ങള്‍ കൂടുതല്‍ പ്രകടമാകുന്നത്, അതായത് രോഗം ബാധിച്ച് രണ്ടോ മൂന്നോ ആഴ്ചകള്‍ക്ക് ശേഷം.

ശുപാർശകൾ

ജൈവ നിയന്ത്രണം

ജൈവനിയന്ത്രണ ഏജന്റുകള്‍ നിയന്ത്രിത സാഹചര്യങ്ങളില്‍ എം.ഗ്രമിനികോളയ്ക്കെതിരായി വിജയകരമായി ഉപയോഗിച്ചുവരുന്നുണ്ട്. ട്രൈക്കോഗ്രമ ഇനത്തിലെ കുമിളും ചില സ്യൂഡോമോനാഡ്സ്, ബാസിലസ് ഇനങ്ങളും ഗോതമ്പിലെ ഇലപ്പുള്ളി രോഗത്തിനെതിരെ സംരക്ഷണം നല്‍കി വരികയും രോഗപുരോഗതിയെ തടസപ്പെടുത്തുകയും ചെയ്തുവരുന്നുണ്ട്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം സംയോജിത നിയന്ത്രണ രീതികളും ചേർത്തുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുക. എം.ഗ്രമിനികോളയുടെ നിരവധി ഇനങ്ങള്‍ ദ്രുതഗതിയില്‍ കുമിള്‍നാശിനികൾക്കെതിരെ പ്രതിരോധശക്തി നേടും, പ്രത്യേകിച്ചും സ്ട്രോബിലൂറിന്‍ ഇനത്തിലെ രാസവസ്തുക്കളോട്. പ്രതീക്ഷിക്കുന്ന വിളവ്‌ നഷ്ടം, ഗോതമ്പിൻ്റെ വിപണി മൂല്യം, പ്രയോഗിക്കുന്ന കുമിള്‍നാശിനിയുടെ ചെലവ് എന്നിവ അടിസ്ഥാനമാക്കിയാണ് സാമ്പത്തിക നഷ്ടം നിശ്ചയിക്കുന്നത്. അസോള്‍സ് ഇനത്തിലെ കുമിള്‍നാശിനികള്‍ സാധാരണ ഉപയോഗിക്കുന്നത് ഇലകളില്‍ തളിക്കാനാണ്. ഇതര കുമിള്‍നാശിനികളായ കാര്‍ബോക്സാമൈഡ്, മോര്‍ഫോലൈന്‍, ബെന്‍സോഫെനോന്‍ എന്നിവ ഈ കുമിളിൽ പ്രതിരോധശക്തി വികസിക്കുന്നത് ലഘൂകരിക്കാന്‍ സഹായിക്കും.

അതിന് എന്താണ് കാരണം

മൈക്കോസ്ഫയറെല ഗ്രമിനികോള എന്ന കുമിളാണ് ഈ രോഗത്തിന് കാരണം. ഇവ മണ്ണിലെ ചെടിയുടെ അവശിഷ്ടങ്ങളിലോ, പുല്ലിനത്തില്‍പ്പെട്ട രോഗ സാധ്യതയുള്ള മറ്റു ചെടികളിലോ, സ്വയം മുളച്ചു വരുന്ന ചെടികളിലോ, ശരത്കാലത്ത് വിതയ്ക്കുന്ന വിളകളിലോ തണുപ്പുകാലം കഴിച്ചു കൂട്ടുന്നു. ബീജങ്ങള്‍ മഴത്തുള്ളികളിലൂടെയോ കാറ്റിലൂടയോ ദൂരേയ്ക്ക് വ്യാപിക്കുന്നു. മുതിര്‍ന്ന ഇലകളിലാണ് ആദ്യ ലക്ഷണങ്ങള്‍ പ്രകടമാകുന്നത്, ബീജങ്ങള്‍ മുകളിലേക്ക് വ്യാപിക്കുംതോറും മുകളിലെ ഇലകളിലും ക്ഷതങ്ങൾ പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. കതിരിനോട് ചേർന്നുള്ള ഇലയിലും അവയ്ക്ക് താഴെയുള്ള രണ്ടിലകളിലും വ്യാപിച്ചാല്‍ വിളവ്‌ കുറവ് സംഭവിക്കും. താപനിലയെ ആശ്രയിച്ച് ഈ കുമിളിൻ്റെ ജീവിത ചക്രം പൂര്‍ത്തിയാകാന്‍ 15 മുതല്‍ 18 വരെ ദിവസമെടുക്കും. ജലലഭ്യതയോ, ദൈർഘ്യമേറിയ ഉയര്‍ന്ന ആര്‍ദ്രതയോ ഉള്ള 15°C മുതല്‍ 25°C വരെയുള്ള താപനിലയാണ് ഏറ്റവും അനുകൂല സാഹചര്യം. 4°C -ല്‍ താഴെയുള്ള താപനിലയില്‍ ജീവിതചക്രം നിലയ്ക്കും. രോഗം ബാധിക്കാൻ, ഏറ്റവും കുറഞ്ഞത്‌ 20 മണിക്കൂറെങ്കിലും ആപേക്ഷിക ആര്‍ദ്രത അനിവാര്യമാണ്. നനവുള്ള വസന്തകാലവും വേനല്‍ക്കാലവും ഏറ്റവും അനുകൂലം.


പ്രതിരോധ നടപടികൾ

  • താങ്കളുടെ പ്രദേശത്ത് ലഭ്യമായ പ്രതിരോധശക്തിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക.
  • സീസണില്‍ വൈകി നടാന്‍ ശുപാര്‍ശ ചെയ്യുന്നു.
  • ശരിയായ വായു സഞ്ചാരത്തിനായി മതിയായ ഇടയകലം ലഭ്യമാക്കുക.
  • വളര്‍ച്ചാ സഹായികളും നൈട്രജനും മിതമായ അളവില്‍ ഉപയോഗിക്കുക.
  • കൃഷിയിടങ്ങള്‍ പതിവായി നിരീക്ഷിക്കുക.
  • സ്വമേധയ വളരുന്ന വിളകളും കളകളും നിയന്ത്രിക്കുക.
  • ഒന്നോ രണ്ടോ വര്‍ഷം രോഗബാധ സാധ്യത ഇല്ലാത്ത വിളകളുമായി മാറ്റകൃഷി നടത്തുക.
  • ചെടിയുടെ അവഷിഷ്ടങ്ങള്‍ മണ്ണിനടിയിലാക്കാൻ ആഴത്തില്‍ ഉഴുതു മറിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക