വാഴ

പനാമ രോഗം

Fusarium oxysporum

കുമിൾ

ചുരുക്കത്തിൽ

  • മുതിർന്ന ഇലകളുടെ മഞ്ഞപ്പും വാട്ടവും.
  • ഇലകൾ തവിട്ടുനിറമായി താഴേക്ക് തൂങ്ങുന്നു.
  • തണ്ടുകൾ പിളരുന്നു.
  • കാണ്ഡത്തില്‍ മഞ്ഞനിറം മുതൽ ചുവപ്പുനിറം വരെയുള്ള വരകൾ.
  • ആന്തരിക കലകളിൽ നിറംമാറ്റം.
  • ക്രമേണ, എല്ലാ ചെടി ഭാഗങ്ങളും അഴുകി നശിക്കുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

വാഴയുടെ ഇനം, രോഗാണുക്കളുടെ ശക്തി, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവ അനുസരിച്ച് ലക്ഷണങ്ങള്‍ നേരിയ തോതിൽ വ്യത്യാസപ്പെടാം. രോഗം ആദ്യം മുതിര്‍ന്ന ഇലകളില്‍ നിന്നും ക്രമേണ മുകളിലേക്ക് നീങ്ങി ഇളം ഇലകളേയും ബാധിക്കുന്നു. മഞ്ഞ നിറമുള്ള വാടിയ ഇലകളും ഇലത്തണ്ടുകളും, കാണ്ഡത്തിനു ചുവട്ടിലെ പിളർപ്പുമാണ് ഈ രോഗത്തിന്‍റെ സവിശേഷ ലക്ഷണങ്ങള്‍. ബാധിക്കപ്പെട്ട ഇലകള്‍ തവിട്ടു നിറമായി ക്രമേണ ഉണങ്ങി താഴേക്ക് തൂങ്ങി കാണ്ഡത്തിനുചുറ്റും "പാവാട " പോലെയാകുന്നു. മഞ്ഞനിറം മുതൽ ചുവപ്പുനിറം വരെയുള്ള വരകൾ കാണ്ഡത്തില്‍ ദൃശ്യമാകുന്നു, ഇവ ചുവട്ടിൽ രൂക്ഷമായിരിക്കും. മുറിച്ചു നോക്കിയാൽ ചുവപ്പു നിറം മുതൽ ഇരുണ്ട തവിട്ടുനിറം വരെയുള്ള നിറംമാറ്റം ആന്തരിക കലകളിൽ കാണപ്പെടും, ഇത് കുമിൾ വളർച്ചയുടെയും കലകളുടെ അഴുകലിന്റെയും സൂചനയാണ്. ക്രമേണ, തറയ്ക്ക് മുകളിലും താഴെയുമുള്ള എല്ലാ ഭാഗങ്ങളും അഴുകി നശിക്കുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ജൈവ നിയന്ത്രണ ഏജന്റുകളായ ട്രൈക്കോഡര്‍മ വിരിഡെ എന്ന കുമിൾ അല്ലെങ്കില്‍ സ്യുഡോമോണസ് ഫ്ലുറസന്‍സ് എന്ന ബാക്ടീരിയ മണ്ണില്‍ പ്രയോഗിക്കുന്നത് രോഗബാധയുടെ വ്യാപനവും ബാധിപ്പും കുറക്കുന്നതിന് കാര്യക്ഷമമായ മാർഗ്ഗങ്ങളാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്നുള്ള സംയോജിത സമീപനം സ്വീകരിക്കുക. മറ്റു കുമിൾ രോഗങ്ങളിൽ നിന്നും വിപരീതമായി വാഴയിൽ ഫ്യൂസേറിയം വാട്ടം കണ്ടെത്തിയാൽ, കുമിള്‍നാശിനികൾ ഉപയോഗിച്ച് അവയെ നിയന്ത്രിക്കാൻ സാദ്ധ്യമല്ല. നടീൽ വസ്തുക്കൾ നിര്‍ദ്ദിഷ്ട കുമിള്‍നാശിനികളിൽ (10 ഗ്രാം/10 ലിറ്റര്‍ വെള്ളത്തില്‍) മുക്കിവച്ച് ഉപയോഗിക്കുക, ശേഷം 6 മാസം കഴിഞ്ഞുള്ള എല്ലാ രണ്ടാം മാസവും മണ്ണിൽ നേരിട്ട് പ്രയോഗിക്കുന്നത് ശുപാർശ ചെയ്യുന്നു.

അതിന് എന്താണ് കാരണം

നിരവധി ദശാബ്ദങ്ങൾ മണ്ണിൽ അതിജീവിക്കാൻ കഴിയുന്ന ഫ്യൂസേറിയം ഒക്സിപോറം എന്ന ഗണത്തിൽപ്പെട്ട കുമിളാണ് പനാമ രോഗത്തിന് (ഫ്യൂസേറിയം വാട്ടം) കാരണം. ഇവ ചെടിയുടെ വേരുകളിലെ സൂക്ഷ്മ നാരുകളിലൂടെ ഉള്ളിൽ പ്രവേശിക്കുന്നു, അയഞ്ഞ, നീർവാർച്ച കുറഞ്ഞ മണ്ണുകള്‍ ഈ പ്രക്രിയയ്ക്ക് അനുകൂലമാണ്. മണ്‍പ്രതലത്തില്‍ കെട്ടിനില്‍ക്കുന്ന ജലം, വാഹനങ്ങൾ, പണിയായുധങ്ങൾ, പാദരക്ഷകൾ എന്നിവയിലൂടെ ഇവ ചെറിയ ദൂരങ്ങളിൽ വ്യാപിക്കുന്നു. ബാധിക്കപ്പെട്ട നടീൽ വസ്തുക്കളാണ് ദീർഘ ദൂരങ്ങളിൽ രോഗവ്യാപനത്തിനുള്ള ഏറ്റവും പൊതുവായ മാർഗ്ഗം. രോഗത്തിന്റെ അഭിവൃദ്ധിക്ക് ഉയർന്ന താപനില ഒരു പ്രധാന ഘടകമാണ്. കാണ്ഡത്തിലെ സംവഹന കോശങ്ങള്‍ അഴുകുന്നത് മൂലം വെള്ളത്തിന്റെയും പോഷകങ്ങളുടെയും സംവഹനം തടസ്സപ്പെടുകയും ഇലകളിൽ മഞ്ഞപ്പ് ദൃശ്യമാകുകയും ചെടിയുടെ ഓജസ്സ് നഷ്ടമാകുകയും ചെയ്യും. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാൽ ഫ്യൂസേറിയം വാട്ടം വാഴയിലെ വിനാശകാരിയായ ഒരു രോഗമാണ്.


പ്രതിരോധ നടപടികൾ

  • അംഗീകൃത സ്രോതസ്സിൽനിന്നുള്ള ആരോഗ്യമുള്ള നടീൽവസ്തുക്കൾ മാത്രം ഉപയോഗിക്കുക.
  • ലഭ്യമെങ്കിൽ പ്രതിരോധശേഷി ഉള്ള ഇനങ്ങള്‍ നടുക.
  • നല്ല നീർവാർച്ച ഉറപ്പ് വരുത്തുക.
  • ഒരോ രണ്ട് ആഴ്ച്ച കൂടുമ്പോഴും ചെടികൾ നിരീക്ഷിക്കുക.
  • കളനാശിനികള്‍ ഉപയോഗിച്ച് ബാധിക്കപ്പെട്ട ചെടികള്‍ യഥാസ്ഥലത്തു വെച്ചുതന്നെ നശിപ്പിക്കുക.
  • ഗുരുതരമായി ബാധിക്കപ്പെട്ടിട്ടുള്ള ചെടികൾ വേരോടെ പിഴുത് കൃഷിയിടത്തില്‍ നിന്നും മാറ്റി കത്തിച്ചു കളയുക.
  • രോഗബാധയുള്ള പ്രദേശത്തെ മണ്ണ് മറ്റ് പ്രദേശങ്ങളിലേക്ക് അശ്രദ്ധമായി കൊണ്ടുപോകരുത്.
  • സോഡിയം ഹൈപ്പോക്ലോറൈറ്റാ ബ്ലീച്ച് ഉപയോഗിച്ച് കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങള്‍, ആയുധങ്ങൾ എന്നിവ അണുവിമുക്തമാക്കുക.
  • സാരമായ അണുബാധ ഉള്ള മണ്ണുകളിൽ അടുത്ത 3-4 വര്‍ഷത്തേക്ക് വാഴ നടരുത്.
  • രോഗബാധ കുറയ്ക്കാന്‍ കരിമ്പ്, നെല്ല് അല്ലെങ്കില്‍ സൂര്യകാന്തി എന്നിവ ഉപയോഗിച്ച് മാറ്റകൃഷി നടത്തുക.
  • ഇടവിളയായി ചൈനീസ് ലീക്സ് (അലിയം ടൂബറോസം) കൃഷി ചെയ്യുക.
  • കുമിൾ വളർച്ച തടയുന്ന സൂക്ഷ്മജീവികളുടെ സാന്നിദ്ധ്യം പരിപോഷിപ്പിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക