വാഴ

സിഗാര്‍ എന്‍ഡ് റോട്ട്

Trachysphaera fructigena

കുമിൾ

ചുരുക്കത്തിൽ

  • ഫലങ്ങളുടെ അഗ്രഭാഗത്ത് വരണ്ട, ചാരനിറം മുതൽ കറുത്തനിറം വരെയുള്ള അഴുകല്‍ വികസിക്കുന്നു.
  • ബാധിക്കപ്പെട്ട ഭാഗങ്ങൾ ചാരനിറത്തിലുള്ള കുമിൾവളർച്ചയാൽ ആവരണം ചെയ്യപ്പെട്ട് സിഗരറ്റിന്‍റെ കത്തുന്ന ഭാഗത്തെ ചാരം പോലെ കാണപ്പെടുന്നു.
  • സംഭരണ സമയത്തോ അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴോ രോഗം ഫലം മുഴുവനും ബാധിച്ചേക്കും.
  • ഫലങ്ങൾ അസാധാരണ ആകൃതി ഉള്ളവയായിരിക്കും, പൂപ്പൽ വളർച്ചയും അവയുടെ തൊലിയിൽ വടുക്കളും വളരെ വ്യക്തമായി കാണപ്പെടുന്നു.

കണ്ടെത്താൻ കഴിയുന്ന മറ്റ് വിളകൾ

1 വിളകൾ

വാഴ

ലക്ഷണങ്ങൾ

ഫലങ്ങളുടെ അഗ്രഭാഗത്ത് കാണപ്പെടുന്ന വരണ്ട, ചാരനിറം മുതൽ കറുത്ത നിറം വരെയുള്ള അഴുകലാണ് ഈ രോഗത്തിന്‍റെ സവിശേഷത. പൂവിടൽ ഘട്ടത്തിലാണ് കുമിൾ വളർച്ച യഥാര്‍ത്ഥത്തില്‍ ആരംഭിക്കുന്നത് മാത്രമല്ല ഫലങ്ങൾ പാകമാകുന്ന പ്രക്രിയ തടസ്സപ്പെടുന്നു. ബാധിക്കപ്പെട്ട ഭാഗങ്ങൾ ചാരനിറത്തിലുള്ള കുമിൾവളർച്ചയാൽ ആവരണം ചെയ്യപ്പെട്ട് സിഗരറ്റിന്‍റെ കത്തുന്ന ഭാഗത്തെ ചാരം പോലെ കാണപ്പെടുന്നു, ഇതാണ് രോഗത്തിന് ഈ പേരുവരാൻ കാരണം. സംഭരണ സമയത്തോ അല്ലെങ്കിൽ മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴോ രോഗം ഫലം മുഴുവനും ബാധിച്ചേക്കും, ഇത് പഴങ്ങൾ അഴുകിയുണങ്ങുന്നതിന് കാരണമാകുന്നു. ഫലങ്ങൾ അസാധാരണമായ ആകൃതി ഉള്ളവയായിരിക്കും, പൂപ്പൽ വളർച്ചയും അവയുടെ തൊലിയിൽ ക്ഷതങ്ങളും വളരെ വ്യക്തമായി കാണപ്പെടുന്നു.

ശുപാർശകൾ

ജൈവ നിയന്ത്രണം

ബേക്കിംഗ് സോഡ അടിസ്ഥാനമാക്കിയ ലായനികൾ തളിച്ച് കുമിളുകളെ നിയന്ത്രിക്കാന്‍ സാധിക്കും. ഈ ലായനി നിര്‍മ്മിക്കാന്‍ 2 ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം സോപ്പ് കലക്കി അതില്‍ 100 ഗ്രാം ബേക്കിംഗ് സോഡ അലിയിക്കുക. ഈ ലായനി ബാധിക്കപ്പെട്ട വാഴക്കുല ഭാഗങ്ങളിലും രോഗബാധ തടയുന്നതിന് അതിന് തൊട്ടടുത്തുള്ള ഭാഗങ്ങളിലും തളിക്കുക. ഇത് ഫലങ്ങളുടെ ഉപരിതലത്തിലെ പിഎച്ച് നില ഉയർത്തി കുമിൾ വളര്‍ച്ചയെ തടയുന്നു. കോപ്പർ അടങ്ങിയ കുമിള്‍നാശിനികൾ പ്രയോഗിക്കുന്നതും ഫലപ്രദമാണ്.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേര്‍ന്ന സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. പൊതുവെ രോഗം അത്ര ഗൗരവമേറിയതല്ല മാത്രമല്ല അപൂർവ്വമായേ രാസപരിചരണ രീതികൾ ഉപയോഗിച്ച് നിയന്ത്രിക്കേണ്ടതുള്ളൂ. ബാധിക്കപ്പെട്ട പടലകളില്‍ മന്‍കൊസേബ്, ട്രയോഫനേറ്റ് മീതൈൽ അല്ലെങ്കിൽ മെറ്റാലാക്‌സിൽ മുതലായവ പ്രയോഗിച്ച് പ്ലാസ്റ്റിക് കവറുകൾ കൊണ്ട് പൊതിയുക.

അതിന് എന്താണ് കാരണം

പ്രധാനമായും ട്രാക്കിസ്ഫേറ ഫ്രക്റ്റിജീന എന്ന കുമിളാണ് സിഗാര്‍ എന്‍ഡ് റോട്ട് എന്ന രോഗത്തിന് കാരണം മാത്രമല്ല ചിലപ്പോഴൊക്കെ മറ്റൊരു കുമിളും (വേര്‍റ്റിസില്ലിയം തീയോബ്രോമിയ) രോഗകാരണമാകുന്നു. കാറ്റ് മൂലമോ, മഴവെള്ളം തെറിക്കുന്നതുമൂലമോ ആരോഗ്യമുള്ള കലകളിലേക്ക് ഇവ വ്യാപിക്കും. മഴക്കാലത്തെ പൂവിടൽ ഘട്ടത്തിലാണ് കുമിൾ ആക്രമിക്കുന്നത്. ഇത് പൂക്കളിലൂടെ ബാധിക്കും. പിന്നീട് ഇവിടെനിന്നും ഇത് ഫലങ്ങളുടെ അഗ്രഭാഗത്തേക്ക് വ്യാപിച്ച് സിഗാറിന്‍റെ ചാരം പോലെ ഉണങ്ങിയ അഴുകലിന് കാരണമാകുന്നു, ഇതാണ് രോഗത്തിന് ഈ പേരുവരാൻ കാരണം. ഊഷ്മളമായ ഈർപ്പമുള്ള സാഹചര്യങ്ങളിൽ, വാഴ കുലച്ചതിനുശേഷമുള്ള ദിവസങ്ങളിലാണ് ബാധിപ്പ് സാധാരണമാകുന്നത്, പ്രത്യേകിച്ചും ഉയർന്ന പ്രദേശങ്ങളിലും തണലുള്ള വാഴത്തോപ്പുകളിലും.


പ്രതിരോധ നടപടികൾ

  • ലഭ്യമെങ്കിൽ സഹനശക്തിയുള്ള ഇനങ്ങൾ ഉപയോഗിക്കുക.
  • നല്ല വായുസഞ്ചാരമുള്ള ഇലവിതാനം നിലനിർത്തുന്ന രീതിയിൽ ചെടികൾ പരിപാലിക്കുക.
  • കാർഷിക പ്രവർത്തനങ്ങൾക്കിടയിൽ ചെടികളിലെ കലകളിലെ കേടുപാടുകൾ ഒഴിവാക്കുക.
  • കൈകാര്യം ചെയ്യുന്ന സമയത്തും സംഭരണ സമയത്തും ഉപകരണങ്ങളും സംഭരണ സ്ഥലവും നല്ലപോലെ വൃത്തിയാക്കി രോഗസാധ്യത കുറക്കുക.
  • മഴയുള്ള സമയത്ത് പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് വാഴക്കായകള്‍ സംരക്ഷിക്കുക.
  • വാഴയിലകൾ വെട്ടിമാറ്റി, ഇലവിതാനങ്ങളിലെ ഈർപ്പം കുറക്കുക.
  • പടലകള്‍ പൂര്‍ണ്ണമായത്തിനു ശേഷം അവശേഷിക്കുന്ന വാഴക്കൂമ്പ് നീക്കംചെയ്യുക.
  • നശിച്ചുകൊണ്ടിരിക്കുന്നതും നശിച്ചതുമായ എല്ലാ ഇലകളും പതിവായി നീക്കം ചെയ്യുക, പ്രത്യേകിച്ചും മഴക്കാലത്ത്.
  • ബാധിക്കപ്പെട്ട ചെടിഭാഗങ്ങൾ കത്തിക്കുകയോ വാഴക്കൃഷിയില്ലാത്ത പ്രദേശത്ത് കുഴിച്ചിടുകയോ ചെയ്യുക.
  • രോഗവ്യാപനം കുറയ്ക്കാന്‍ തണുപ്പുള്ള (കൃത്യമായ താപനില 14°C) വരണ്ട സ്ഥലങ്ങളിൽ സംഭരിക്കുക.

പ്ലാൻ്റിക്സ് ഡൗൺലോഡ് ചെയ്യുക