Chondrostereum purpureum
കുമിൾ
കുമിൾ ബാധിച്ച ഇലകളിൽ മങ്ങിയതും വെള്ളിനിറമുള്ളതുമായ തിളക്കം വികസിക്കുന്നു. ഇത് സാധാരണയായി തുടക്കത്തിൽ ഒരൊറ്റ ശാഖയിൽ മാത്രമായി ഒതുങ്ങുന്നു, പക്ഷേ കാലക്രമേണ മരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാം. രോഗത്തിൻ്റെ പിന്നീടുള്ള ഘട്ടങ്ങളിൽ, ഇലകൾ പിളരുകയും അരികുകൾക്കും മധ്യസിരയ്ക്കും ചുറ്റും തവിട്ടുനിറമായി മാറുകയും ചെയ്യും. പുറംതൊലിയുടെ അടിയിൽ ബാധിക്കപ്പെട്ട തണ്ടുകളുടെ ആന്തരിക കലകൾ കടും തവിട്ടുനിറമാവുകയും, തത്‌ഫലമായി കൊമ്പുണക്കം സംഭവിക്കുകയും ചെയ്യും. വേനൽക്കാലത്തിൻ്റെ അവസാനം മുതൽ നശിച്ച കൊമ്പുകളുടെ പുറംതൊലിയിൽ പരന്നതോ ബ്രാക്കറ്റ് ആകൃതിയിലുള്ളതോ ആയ കുമിൾ വികസിക്കുന്നു. അവയ്ക്ക് വെളുത്ത കമ്പിളിപോലുള്ള മുകൾ പ്രതലവും പർപ്പിൾ- ബ്രൗൺ നിറത്തിലുള്ള കീഴ്പ്രതലവും ഉണ്ട്. ഇരുവശത്തും ബീജകോശങ്ങൾ രൂപപ്പെടുന്ന ഘടനകളുണ്ട്, അവ നനഞ്ഞാൽ മൃദുവായതും വഴുതിപ്പോകുന്നതും ഉണങ്ങുമ്പോൾ പൊട്ടുന്നതും ചുരുങ്ങുന്നതുമാണ്.
മിക്ക സാഹചര്യങ്ങളിലും, സിൽവർ ലീഫ് ആക്രമണത്തിൽ നിന്ന് മരങ്ങൾ സ്വാഭാവികമായും രോഗവിമുക്തി നേടും, അതിനാൽ എന്തെകിലും നടപടികൾ സ്വീകരിക്കുന്നതിനുമുൻപ് കുറച്ച് സമയം കാത്തിരിക്കാൻ ശുപാർശ ചെയ്യുന്നു.
ലഭ്യമെങ്കിൽ ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ഉൾക്കൊള്ളുന്ന ഒരു സംയോജിത സമീപനം എപ്പോഴും സ്വീകരിക്കുക. സിൽവർ ലീഫ് ആവർത്തിച്ചുള്ള പ്രശ്നമായി വരുന്ന പ്രദേശങ്ങളിൽ, വൃക്ഷങ്ങൾ വെട്ടിയൊതുക്കുന്നതുമൂലം ഉണ്ടാകുന്ന മുറിവുകളിൽ പെയിന്റ് ഉപയോഗിച്ച് പരിചരിക്കുന്നത് ഒരു മാതൃകാ കാർഷിക നടപടിയായി ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും, ഈ മുറിവുകൾ സ്വാഭാവികമായി സുഖപ്പെടാൻ അനുവദിക്കുക എന്നതാണ് ഏറ്റവും നല്ലതെന്ന് ചില സ്പെഷ്യലിസ്റ്റുകൾ അവകാശപ്പെടുന്നു.
കോണ്ട്രോസ്റ്റീരിയം പർപ്യൂറിയം എന്ന കുമിളാണ് രോഗലക്ഷണങ്ങൾക്ക് കാരണം, ഇവ തടിയിലും നശിച്ച ശിഖരങ്ങളിലും സുവ്യക്തമായ പ്രജനന ഘടനകൾ ഉണ്ടാക്കുന്നു. ഈ ഘടനകളിൽ ബീജകോശങ്ങൾ രൂപപ്പെടുകയും, അവ പിന്നീട് സ്വതന്ത്രമാക്കപ്പെട്ട് കാറ്റിലൂടെ ആരോഗ്യകരമായ മരങ്ങളിലേക്കും കുറ്റിച്ചെടികളിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. പ്രധാനമായും മരം വെട്ടിയൊതുക്കുന്നതുമൂലമുണ്ടാകുന്ന മുറിവുകളിലൂടെ അവ കോശങ്ങളിലേക്ക് പ്രവേശിക്കും. അവ തടിയിൽ വളരുമ്പോൾ, അവ അതിനെ പതുക്കെ കൊന്ന്, ആന്തരിക കലകളിൽ സവിശേഷമായ ഇരുണ്ട കറ ഉണ്ടാക്കുന്നു. അവ ഒരുതരം വിഷം സ്രവിക്കും, മാത്രമല്ല ഈ വിഷം സംവഹന കലകളിലൂടെ ഇലകൾ വരെ എത്തിച്ചേരുന്നു. ഈ വിഷവസ്തു കലകളെ നശിപ്പിക്കുകയും അവയെ ഒരു വെള്ളി നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു. അതിനാൽ, യഥാർത്ഥത്തിൽ ഇലകളിൽ കുമിൾ ഇല്ലെങ്കിലും, ഇതിന് ഇലകളെയും ശിഖരങ്ങളെയും നശിപ്പിക്കാൻ കഴിയും. നശിച്ചുപോയ തടിയിൽ പിന്നീട് പുതിയ പ്രജനന ഘടനകൾ പ്രത്യക്ഷപ്പെടുകയും ഈ ചക്രം വീണ്ടും ആരംഭിക്കുകയും ചെയ്യുന്നു. ചാറ്റൽ മഴ, മഴ, മഞ്ഞ് അല്ലെങ്കിൽ കാറ്റോ സൂര്യപ്രകാശമോ ഇല്ലാത്ത ആർദ്രതയേറിയ ദിവസങ്ങൾ ബീജകോശങ്ങൾ സ്വത്രമാക്കുന്നതിനും ബാധിപ്പിനും അനുയോജ്യമായ സാഹചര്യങ്ങൾ ആണ്.