സംരക്ഷണം
തെക്കേ അമേരിക്കയിലെ ആൻഡെസിൽ നിന്നും ജന്മംകൊണ്ടതാണ് ഉരുളക്കിഴങ്ങ്. കഴിഞ്ഞ 300 വർഷമായി ഇന്ത്യയിൽ ഉരുളക്കിഴങ്ങ് കൃഷിചെയ്യുന്നു, മാത്രമല്ല ഇത് ഇന്ത്യയിലെ ഏറ്റവും പ്രിയമേറിയ വിളകളിലൊന്നായി മാറിയിരിക്കുന്നു. ഭക്ഷ്യയോഗ്യമായ കിഴങ്ങുകൾക്കാണ് ഉരുളക്കിഴങ്ങ് വളർത്തുന്നത്, അവ കുറഞ്ഞ ചെലവിലുള്ള ഊർജ്ജ സ്രോതസ്സ് ആയതിനാൽ മനുഷ്യർക്ക് മിതവ്യയമായ ഭക്ഷണമാണ്. അന്നജം, വിറ്റാമിനുകൾ (പ്രത്യേകിച്ച് സി, ബി 1), ധാതുക്കൾ എന്നിവയാൽ സമ്പന്നമായതിനാൽ ഉരുളക്കിഴങ്ങിന് വളരെ പോഷകമൂല്യമുണ്ട്. അന്നജം, മദ്യം എന്നിവയുടെ ഉത്പാദനം പോലുള്ള നിരവധി വ്യാവസായിക ആവശ്യങ്ങൾക്കും ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നു.
മണ്ണ്
ലവണത്വവും ക്ഷാരഗുണവും ഉള്ള മണ്ണുകൾ ഒഴികെയുള്ള ഏത് തരം മണ്ണിലും ഉരുളക്കിഴങ്ങ് വളർത്താം. സ്വാഭാവികമായി അയവുള്ളതും കിഴങ്ങുകളുടെ വളർച്ചയ്ക്ക് ഏറ്റവും കുറഞ്ഞ പ്രതിരോധം നൽകുന്നതുമായ മണ്ണാണ് അഭികാമ്യം. ജൈവവസ്തുക്കളാൽ സമ്പന്നവും മികച്ച നീർവാർച്ച, വായൂസഞ്ചാരം എന്നിവയുള്ളതുമായ പശിമരാശി, മണൽ കലർന്ന മണ്ണ് എന്നിവ ഉരുളക്കിഴങ്ങ് കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. 5.2-6.4 പി.എച്ച് പരിധി ഉള്ള മണ്ണ് ഏറ്റവും അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു.
കാലാവസ്ഥ
ഉരുളക്കിഴങ്ങ് ഒരു മിതശീതോഷ്ണ കാലാവസ്ഥാ വിളയാണ്, എന്നിരുന്നാലും വ്യത്യസ്ത കാലാവസ്ഥാ സാഹചര്യങ്ങളിൽ ഇത് കൃഷി ചെയ്യുന്നു. കാർഷിക സീസണിൽ മിതമായ തണുപ്പുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇത് വളർത്തുന്നത്. ചെടിയുടെ കായിക വളർച്ച 24°C താപനിലയിൽ മികച്ചതായിരിക്കും, എന്നാൽ കിഴങ്ങുകളുടെ വികസനത്തിന് 20°C ആണ് ഉചിതം. അതിനാൽ, കുന്നിൻപ്രദേശങ്ങളിൽ വേനൽക്കാല വിളയായും ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിൽ ശീതകാല വിളയായും ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് 3000 മീറ്റർ വരെ ഉയരത്തിൽ വിള വളർത്താം.