പുകയിലപ്പുഴു

 • ലക്ഷണങ്ങൾ

 • പ്രേരിപ്പിക്കുക

 • ജൈവ നിയന്ത്രണം

 • രാസ നിയന്ത്രണം

 • പ്രതിരോധ നടപടികൾ

പുകയിലപ്പുഴു

Spodoptera litura

പ്രാണി


ചുരുക്കത്തിൽ

 • ലാർവകൾ ഇലകളിൽ അത്യാർത്തിയോടെ ആഹരിക്കുന്നു കൂടാതെ അവ വിത്തറകളിൽ തുരന്ന് കേടുപാടുകൾ ഉണ്ടാക്കുന്നു.
 • ലാർവകളുടെ അമിതമായ ആഹരിക്കൽ സാരമായ കേടുപാടുകൾക്കും ഇലപൊഴിയലിലേക്കും നയിക്കും.

ആതിഥേയർ:

കാപ്സിക്കവും മുളകും

വഴുതന

വെള്ളരിക്ക

തക്കാളി

കാബേജ്

ഉഴുന്ന് & ചെറു പയർ

പരുത്തി

സോയാബീൻ

വെളുത്തുള്ളി

അരി

ചോളം

വാഴപ്പഴം

നിലക്കടല

മാമ്പഴം

ലക്ഷണങ്ങൾ

പുതുതായി വിരിഞ്ഞ ലാർവകൾ കൂട്ടത്തോടെ ഇലകൾ ആഹരിക്കുന്നു, അവ ഇലകളുടെ കലകൾ കാർന്ന് ചെടികളുടെ ആവരണം പൂർണമായും ഇല്ലാതാക്കുന്നു. മുതിർന്ന ലാർവകൾ കൂട്ടംപിരിഞ്ഞ് രാത്രിയിൽ ആർത്തിയോടെ ഇലപ്പടർപ്പുകൾ ആഹരിക്കുന്നു. പകൽ സമയത്ത് അവ സാധാരണയായി ചെടിയുടെ ചുവടിനു ചുറ്റും മണ്ണിൽ ഒളിഞ്ഞിരിക്കുന്നു. നേരിയ മണ്ണുകളിൽ ലാർവകൾ നിലക്കടലയുടെ വിത്തറകളിലോ അല്ലെങ്കിൽ വേരുകൾ വരെയോ എത്തുകയും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അമിതമായി ആഹരിക്കുന്നതുമൂലം ഇലഞ്ഞെട്ടുകളും ശിഖരങ്ങളും മാത്രമേ അവശേഷിക്കുകയുള്ളൂ. ലാർവകളും മുതിർന്ന കീടങ്ങളും 15 മുതൽ 35°C വരെയുള്ള താപനിലയിൽ ജീവിക്കുന്നു. എന്നിരുന്നാലും ഈ പരിധിയിലെ ഉയർന്ന ചൂടാണവയ്ക്ക് അനുകൂലമായത്.

പ്രേരിപ്പിക്കുക

മുതിർന്ന ശലഭങ്ങൾ ചാരം കലർന്ന-തവിട്ടുനിറമുള്ള ശരീരവും വിവിധ വർണ്ണങ്ങളിലുള്ള മുൻചിറകുകളുമുണ്ട്, മുൻചിറകുകളുടെ അരികുകളിൽ വെളുത്ത തരംഗാകൃതിയിലുള്ള അടയാളങ്ങളും കാണപ്പെടും. പിൻചിറകുകൾ അർദ്ധസുതാര്യമായതും വെളുത്തതുമാണ്, പിൻചിറകുകളുടെ അരികുകൾക്കും സിരകൾക്കുമൊപ്പം തവിട്ടുനിറത്തിലുള്ള വരകളും ദൃശ്യമാകും. പെൺകീടങ്ങൾ നൂറുകണക്കിന് മുട്ടകൾ കൂട്ടങ്ങളായി, സ്വർണ തവിട്ടുനിരത്തുള്ള ശല്കങ്ങളാൽ പൊതിഞ്ഞ് ഇലകളുടെ മുകൾ പ്രതലത്തിൽ നിക്ഷേപിക്കുന്നു. മുട്ടവിരിഞ്ഞതിന് ശേഷം രോമങ്ങളില്ലാത്ത നേരിയ പച്ച നിറമുള്ള ലാർവകൾ വേഗത്തിൽ കൂട്ടം പിരിഞ്ഞ് ഇലകൾ ഭക്ഷിക്കാൻ ആരംഭിക്കുന്നു. മുതിർന്ന ലാർവകൾക്ക് ഇരുണ്ട പച്ച നിറം മുതൽ തവിട്ടുനിറമായിരിക്കും, അവയുടെ പാർശ്വഭാഗത്ത് ഇരുണ്ട പുള്ളിക്കുത്തുകളും ഏകദേശം തെളിഞ്ഞ ഉദരഭാഗവും ദൃശ്യമാകും. വശങ്ങളിലുള്ള മഞ്ഞ നിറത്തിൽ കാണപ്പെടുന്ന രണ്ട് നീളത്തിലുള്ള വര കറുത്ത ത്രികോണാകൃതിയിലുള്ള പുള്ളികളാൽ തടസ്സപ്പെടുന്നു. ഓറഞ്ച് നിറത്തിലുള്ള ഒരു വര പിൻഭാഗത്ത് ഈ പുള്ളികൾക്കിടയിലൂടെ പോകുന്നു. ലാർവകൾ രാത്രികാലങ്ങളിൽ ആഹരിക്കുകയും പകൽസമയത്ത് മണ്ണിൽ വിശ്രമിക്കുകയും ചെയ്യുന്നു. ലാർവകളും മുതിർന്ന കീടങ്ങളും 15 മുതൽ 35°C വരെയുള്ള താപനിലയിൽ വളരുമെങ്കിലും 25°C ആണ് അനുയോജ്യമായ താപനില. താഴ്ന്ന ആർദ്രതയും കൂടിയതോ കുറഞ്ഞതോ ആയ താപനിലയും ഉത്പാദനക്ഷമത കുറക്കുകയും അവയുടെ ജീവചക്രം കൂട്ടുകയും ചെയ്യും.

ജൈവ നിയന്ത്രണം

ട്രൈക്കോഗ്രാമ്മ ചിലോണിസ്, ടെലിനോമസ് റേമസ് അല്ലെങ്കിൽ അപാൻടെലിസ് ആഫ്രിക്കാനസ് വർഗ്ഗങ്ങളിൽപ്പെട്ട പരാന്നഭോജി കടന്നലുകൾ മുട്ടകളോ ലാർവകളോ ആഹരിക്കുന്നു. ന്യൂക്ലിയർ പോളിഹെഡ്രോസിസ് വൈറസ് (NPV) അല്ലെങ്കിൽ ബാസില്ലസ് തുറിൻജിയൻസിസ് അടിസ്ഥാനമാക്കിയ ജൈവ കീടനാശിനികൾ ഫലപ്രദമാണ്. മറ്റൊരു രീതിയിൽ, നോമുറെ റിലേയി, സെറാറ്റിയ മാർസെസെൻസ് എന്നീ കീടങ്ങളെ ബാധിക്കുന്ന രോഗകാരി കുമിളുകൾ ഇലകളിൽ തളിക്കാം. അരിയുടെ തവിട്, മൊളാസസ്സ് അല്ലെങ്കിൽ ബ്രൗൺ ഷുഗർ എന്നിവ അടിസ്ഥാനമാക്കിയ വിഷക്കെണി ലായനികൾ വൈകുന്നേരങ്ങളിൽ മണ്ണിൽ വിതറാം. വേപ്പിൻ്റെ ഇലകളിൽ നിന്നോ കുരുക്കളിൽ നിന്നോ ഉള്ള എണ്ണ സത്ത് കൂടാതെ പൊൻഗാമിയാ ഗ്ലാബ്ര വിത്തുകളിൽ നിന്നുള്ള സത്ത് എന്നിവ നിലക്കടലച്ചെടിയുടെ ഇലകളിലുള്ള സ്പോടൊപ്റ്റെറ ലിറ്റ്യൂറ ലാർവകൾക്കെതിരെ വളരെ കാര്യക്ഷമമാണ്. ഉദാഹരണത്തിന്, അസാഡിറാക്ടിൻ 1500 പിപിഎം @ 5 മില്ലിലിറ്റർ/ ലിറ്റർ അല്ലെങ്കിൽ 5% വേപ്പിൻകുരു സത്ത് മുട്ടയായായിരിക്കുന്ന ഘട്ടത്തിൽ പ്രയോഗിച്ച് അവ വിരിയുന്നത് തടയാൻ കഴിയും.

രാസ നിയന്ത്രണം

ലഭ്യമെങ്കിൽ എപ്പോഴും ജൈവ പരിചരണത്തോടൊപ്പം പ്രതിരോധ നടപടികളും ചേർന്ന സംയോജിത സമീപനം സ്വീകരിക്കുക. അമിതമായി കീടനാശിനികൾ പ്രയോഗിക്കുന്നതുമൂലം കീടങ്ങളിൽ പ്രതിരോധശക്തി വർദ്ധിച്ചേക്കാം. ഇളം ലാർവകളെ നിയന്ത്രിക്കുന്നതിന് നിരവധി കീടനാശിനികൾ ഉപയോഗിക്കാം, ഉദാഹരണത്തിന് ക്ലോർപൈറിഫോസ് (2.5 മില്ലിലിറ്റർ/ ലിറ്റർ), എമമെക്റ്റിൻ (0.5 ഗ്രാം/ ലിറ്റർ), ഫ്ലൂബെൻഡൈയമൈഡ് (0.5 മില്ലിലിറ്റർ/ ലിറ്റർ), അല്ലെങ്കിൽ ക്ലോറാൻട്രാനിലിപ്രോൾ (0.3 മില്ലിലിറ്റർ/ ലിറ്റർ) കൂടാതെ ഇൻഡോക്സികാർബ്, ബൈഫെൻത്രിൻ മുതലായവയും. കെണി ലായനികളും കാര്യക്ഷമമായി വളർച്ചയെത്തിയ ലാർവകളുടെ പെരുപ്പം നിയന്ത്രിക്കും, ഉദാഹരണത്തിന് വിഷക്കെണി (5 കിലോഗ്രാം അരി തവിട് + 1/2 കിലോഗ്രാം ശർക്കര + 500 മില്ലിലിറ്റർ ക്ലോർപൈറിഫോസ്).

പ്രതിരോധ നടപടികൾ

 • താങ്കളുടെ വിപണിയിൽ ലഭ്യമായ സഹിഷ്ണുതയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക.
 • കീടങ്ങളുടെ പെരുപ്പം ഉച്ചസ്ഥായിലെത്തുന്നത് ഒഴിവാക്കാൻ നേരത്തെ നടുക.
 • സീസണിൻ്റെ മധ്യഭാഗത്ത് നീണ്ടുനിൽക്കുന്ന വരൾച്ച ഒഴിവാക്കാൻ പതിവായി ജലസേചനം നടത്തുക.
 • സൂര്യകാന്തി, ചേമ്പ്, ആവണക്ക് എന്നിവ പോലെയുള്ള കെണി വിളകൾ കൃഷിയിടത്തിലും അതിനുചുറ്റും നടുക.
 • ഓസിമം വർഗ്ഗങ്ങളിൽപ്പെട്ട (ബസിലിക്കം) കീടങ്ങളെ പ്രതിരോധിക്കുന്ന ചെടികൾ നടുക.
 • കൃഷിയിടത്തിൻ്റെ പലഭാഗത്തും പക്ഷികളെ ആകർഷിക്കാൻ ഉയരത്തിൽ കമ്പുകൾ നാട്ടിക്കൊടുക്കുക.
 • പ്രകാശ കെണിയോ ഫെറോമോൺ കെണിയോ ഉപയോഗിച്ച് ശലഭങ്ങളെ ആകർഷിക്കുക.
 • മുട്ട കൂട്ടങ്ങൾ, ആഹരിക്കുന്നത് മൂലമുള്ള കേടുപാടുകൾ, ലാർവകളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള രോഗലക്ഷണങ്ങൾക്കായി കൃഷിയിടം പരിശോധിക്കുക.
 • കെണിവിളകളിൽ നിന്നും ആതിഥേയ വിളകളിൽ നിന്നും ലാർവകളും മുട്ടകളും ശേഖരിച്ച് നശിപ്പിക്കുക.
 • വിതച്ച് 15-20 ദിവസങ്ങൾക്ക് ശേഷം കളകൾ നീക്കം ചെയ്യുക.
 • കാർഷിക പ്രവർത്തനങ്ങൾക്കിടയിൽ ചെടികളെ സൂക്ഷ്മതയോടെ പരിചരിക്കുകയും ചെടികൾക്ക് ഉണ്ടാകാൻ സാധ്യതയുള്ള പരിക്കുകൾ ഒഴിവാക്കുകയും ചെയ്യുക.
 • താങ്കളുടെ കാർഷിക ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ശുചിത്വം ഉറപ്പുവരുത്തുക.
 • സ്പോടോപ്റ്റെറയുടെ പ്യൂപ്പകളെ പ്രകൃത്യാലുള്ള ശത്രുക്കൾക്കും കാലാവസ്ഥ ഘടകങ്ങൾക്കും വിധേയമാക്കാൻ ആഴത്തിൽ ഉഴുതുമറിക്കുക.